
ബെംഗളൂരു: സ്റ്റിംഗ് ഓപ്പറേഷനുകളുടെ പേരിൽ ജനപ്രതിനിധികളെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന ആരോപണത്തിൽ സ്വകാര്യ ടെലിവിഷൻ ചാനലായ പവർ ടിവിക്കെതിരെ നടപടിയെടുക്കാൻ കർണാടക സർക്കാർ ഡിജിപിക്കും ഐജിപിക്കും നിർദ്ദേശം നൽകി. ചാനൽ മാനേജ്മെന്റിനും ജീവനക്കാർക്കുമെതിരെ നിയമാനുസൃതമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാനും അതിന്റെ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനുമാണ് നിർദ്ദേശം.
ജെഡിഎസ്സ് നിയമസഭാകക്ഷി നേതാവ് സുരേഷ് ബാബു സി.ബി. നവംബർ മൂന്നിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റിംഗ് ഓപ്പറേഷനുകളിൽ ഉൾപ്പെടുത്തുന്നതിനും കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതിനുമായി ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മന്ത്രിമാർക്കും എംഎൽഎമാർക്കും പണം വാഗ്ദാനം ചെയ്തെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ പ്രതിച്ഛായ തകർക്കാനും അവരുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കി ബ്ലാക്ക്മെയിൽ ചെയ്യാനുമാണ് ചാനൽ ശ്രമിക്കുന്നതെന്നും പരാതിയിൽ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറി നവംബർ ഒമ്പതിന് നൽകിയ കത്തിന്റെ തുടർച്ചയായാണ് സർക്കാർ പോലീസിന് നിർദ്ദേശം നൽകിയത്. ആരോപണങ്ങൾ പരിശോധിച്ച് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പവർ ടിവിക്കെതിരായ ആരോപണങ്ങളിൽ പോലീസ് അന്വേഷണം പൂർത്തിയാകുന്നതുവരെ അവ തെളിയിക്കപ്പെട്ട കുറ്റങ്ങളായി കണക്കാക്കാനാവില്ല.
Photo Courtesy - Google










